സോണിയാ ഗാന്ധി ആശുപത്രിയിൽ: രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി, കോഴിക്കോട്ടെ പരിപാടിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്താനിരുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുക്കും.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ അവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിൽ തുടരുകയാണ്. ഇതേത്തുടർന്നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ നിന്നുള്ള രാഹുലിന്റെ പിന്മാറ്റം.
കോഴിക്കോട് ബീച്ചിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നത്. രാഹുലിന്റെ അസാന്നിധ്യത്തിൽ മല്ലികാർജുൻ ഖാർഗെ കൺവെൻഷൻ അഭിസംബോധന ചെയ്യും.
