'ആയുധക്കരാർ നിർത്തലാക്കി'; ഇസ്രയേലിന് കനത്ത തിരിച്ചടിയായി സ്പാനിഷ് സർക്കാരിന്‍റെ പുതിയ തീരുമാനം
ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ സ്പാനിഷ് സർക്കാർ. ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്.
ഇസ്രയേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്‍റെ ഈ തീരുമാനം. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആയുധങ്ങൾ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് ഇപ്പോൾ സ്പെയിൻ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ഗാർഡിയ സിവിൽ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. 2023 ഒക്ടോബറിൽ ഗാസയിൽ ആക്രമണം തുടങ്ങിയതോടെയാണ് ഇസ്രായേലിന് ആയുധം നൽകേണ്ടതില്ലെന്ന് സ്പെയിൻ തീരുമാനമെടുത്തത്. ഗാസയിലടക്കം ഇസ്രയേൽ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിൻ പുനരാലോചന നടത്തിയിരിക്കുന്നത്.