വിനോദ് തോമറിന് സസ്പെൻഷൻ; ഗുസ്തി ഫെഡറേഷൻ പ്രവർത്തനം നിർത്തും

  1. Home
  2. Trending

വിനോദ് തോമറിന് സസ്പെൻഷൻ; ഗുസ്തി ഫെഡറേഷൻ പ്രവർത്തനം നിർത്തും

vinod


ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയിറക്കിയതിനാണ് നടപടി. കേന്ദ്രകായിക മന്ത്രാലയമാണ് വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തത്.

ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. റാങ്കിങ് മത്സരങ്ങൾ അടക്കം നിർത്തിവയ്ക്കും. മത്സരാർഥികളിൽനിന്ന് വാങ്ങിയ എൻട്രി ഫീ തിരികെ നൽകും. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുവരെയാകും നടപടിയെന്നും കേന്ദ്രം അറിയിച്ചു. 

പുതിയ നീക്കത്തോടെ ഞായറാഴ്ചത്തെ ഫെഡറേഷൻ യോഗം അപ്രസക്തമായി. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ രാജി ഉടൻ ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. ബ്രിജിനെതിരെയും പരിശീലകർക്കെതിരെയും ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ വ്യക്തി താൽപര്യങ്ങളാണെന്നാണ് ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു.

അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. ഗുസ്തി താരങ്ങളായ ബജ്‌രങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരുൾപ്പെടെയാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.