സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ടൂറിസം വകുപ്പിന്റെ ഉത്തരവ്

  1. Home
  2. Trending

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ടൂറിസം വകുപ്പിന്റെ ഉത്തരവ്

riyas


സംസ്ഥാനത്ത് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ  വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധനകൾ കാര്യക്ഷമമായി പാലിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ടൂറിസം ഡയറക്ടർ പരിശോധിക്കും.

ടൂറിസം മേഖലയിലെ ഡ്രൈവർമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടേയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടേയും യോഗം നേരത്തെ മന്ത്രി പി.എ മുഹമ്മദ് റിയാസിൻറെ അധ്യക്ഷതയിൽ ചേർന്നിരുന്നു. തുടർന്ന് ഇക്കാര്യം ടൂറിസം വ്യവസായ പ്രതിനിധികളുമായി ചർച്ച ചെയ്തു. ഇതിനു ശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകാനും മേഖല തിരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമായ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ദീർഘകാല ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.