റഷ്യക്കെതിരായ ആക്രമണാത്മക സൈബർ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും; ഉത്തരവിറക്കി യുഎസ് പ്രതിരോധ സെക്രട്ടറി

  1. Home
  2. Trending

റഷ്യക്കെതിരായ ആക്രമണാത്മക സൈബർ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും; ഉത്തരവിറക്കി യുഎസ് പ്രതിരോധ സെക്രട്ടറി

peter


റഷ്യയ്‌ക്കെതിരായ ആക്രമണാത്മക സൈബർ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും നിർത്താൻ യുഎസ് സൈബർ കമാൻഡിന് നിർദേശം നൽകി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഫെബ്രുവരി അവസാനത്തോടെ ഹെഗ്‌സെത്ത് കമാൻഡ് മേധാവി എയർഫോഴ്‌സ് ജനറൽ ടിം ഹോഗിന് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

റഷ്യക്കെതിരായ പ്രവർത്തനങ്ങൾ എത്രകാലത്തേക്കാണ് നിർത്തിവെച്ചരിക്കുന്നതെന്ന് വ്യക്തമല്ല. നിർദേശം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാൽ പെന്റഗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരൊന്നും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ദിവസങ്ങൾക്ക് മുൻപാണ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ്‌ ഹൗസിൽ വെച്ച് രൂക്ഷമായ വാഗ്വാദം ഉണ്ടായത്.

തന്ത്രപ്രധാനമായ നയതന്ത്ര ചർച്ചകൾക്കിടെ, സംഘർഷ സാധ്യത ഇല്ലാതാക്കാൻ ലോക നേതാക്കൾ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നത് സാധാരണമാണെന്ന് മുൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യുക്രൈൻ യുദ്ധത്തോടുള്ള അമേരിക്കൻ നയങ്ങളിലെ പ്രകടമായ മാറ്റത്തിന് പിന്നാലെയാണ് നടപടി എന്നത് ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.

എന്നാൽ റഷ്യയിൽ നിന്നുൾപ്പെടെ യുഎസ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചറിനെതിരായ എല്ലാ സൈബർ ഭീഷണികളെയും പ്രതിരോധിക്കുക എന്ന ദൗത്യത്തിൽ നിന്ന് പെന്റഗൺ പിന്മാറിയിട്ടില്ലെന്നും, ആക്രമണാത്മകമായ നീക്കങ്ങളാണ് നിർത്തിവെച്ചതെന്നും ചില സ്രോതസുകൾ പറഞ്ഞു.