പ്രണയത്തില്‍നിന്ന് പിന്‍മാറിയില്ല; കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് പെണ്‍കുട്ടിയുടെ കുടുംബം

പ്രണയത്തില്‍നിന്ന് പിന്‍മാറാത്തതിന്റെ പേരിൽ കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് ആലുവ യുസി കോളജ് വിദ്യാര്‍ഥിയായ തൗഫീഖിനെ ആക്രമിച്ചത്. താടിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ യുവാവ് നിലവിൽ കിടപ്പിലാണ്. എന്നാൽ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
യുസി കോളേജിലെ തന്നെ ഡിഗ്രി വിദ്യാര്‍ഥിനിയുമായി തൗഫീഖ് പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ ക്രൂരമായി മർദിക്കാൻ നിർദേശം നൽകിയെന്നും ആരോപണമുണ്ട്. ഏപ്രിൽ ഇരുപത്തിനാലിന് വൈകീട്ട് ആലുവ എടത്തലയിലെ വീട്ടില്‍ നിന്നായിരുന്നു തൗഫീഖിനെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷം മർദിച്ചത്. ആദ്യം കാറിൽ വെച്ചും, പിന്നീട് കളമശേരിയിലെ ലോഡ്ജിലും, ആളൊഴിഞ്ഞ പറമ്പിലും കൊണ്ടുപോയി മർദിച്ചെന്നും, ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
യുവാവിന്റെ വീട്ടുകാര്‍ ആലുവ പൊലീസില്‍ പരാതി നൽകിയതോടെ പാതിരാത്രി വീടിനടുത്ത് ഇയാളെ ഇറക്കിവിടുകയായിരുന്നു. തൗഫീഖിന്റെ താടിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്. ആക്രമണം നടത്തിയ അന്ന് മുതൽ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല പൊലീസ് പറയുന്നു.