വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി; കേരളബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാകും

  1. Home
  2. Trending

വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി; കേരളബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാകും

SBHIRAMI


വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്. 

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിൻറെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജിത്കുമാറിൻറെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.