സ്‌കൂളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്നും ഇംഗ്ലിഷ് സിനിമ പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദേശം

  1. Home
  2. Trending

സ്‌കൂളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്നും ഇംഗ്ലിഷ് സിനിമ പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദേശം

students  


വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർ പ്ലാനിൽ പത്രവായന പ്രോൽസാഹിപ്പിക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്ന് സർക്കാർ നിർദേശം. പത്രം വായിക്കുകയും വാർത്തകൾ സംബന്ധിച്ച പ്രതികരണങ്ങൾ ചർച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കണമെന്നും സർക്കാർ നിർദേശിച്ചു. ഇതിനായി സ്‌കൂൾ ലൈബ്രറിയിൽ ഇവ ലഭ്യമാക്കണം. ആഴ്ചയിൽ ഒരു പുസ്തകമെങ്കിലും ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യാം. പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങൾ സംഘടിപ്പിക്കാം.

വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികൾ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കണം. കുട്ടികൾക്ക് പുസ്തകമേളകൾ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങൾ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകൾ വായിക്കാനും സംസാരിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്‌കൂളിൽ നടത്തണം. ഇംഗ്ലിഷ് സിനിമ സ്‌കൂളിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കണം. അടുത്ത രണ്ടോ മൂന്നോ വർഷം കൊണ്ട് തങ്ങളുടെ സ്‌കൂളിനെ എങ്ങനെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാമെന്ന പ്ലാനിങ് വേണമെന്നും മാസ്റ്റർ പ്ലാനിൽ സർക്കാർ നിർദേശമുണ്ട്.