ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി വിദ്യാർത്ഥികൾ പഠിക്കും

  1. Home
  2. Trending

ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി വിദ്യാർത്ഥികൾ പഠിക്കും

    study  


ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ വനിതാ അംഗവും എറണാകുളം മഹാരാജാസ് കോളജ് പൂർവ വിദ്യാർത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി പഠിക്കും. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാർത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. പട്ടികജാതിക്കാരിൽ നിന്നുള്ള ആദ്യ ബിരുദധാരിയാണ് പുലയ സമുദായത്തിൽ നിന്നുള്ള ദാക്ഷായണി. സ്‌കൂൾ ഫൈനൽ പരീക്ഷയിൽ വിജയിച്ച ആദ്യത്തെ ദലിത് വനിതയാണ്. മഹാരാജാസ് കോളജിന്റെ മുൻവശത്തെ ഫ്രീഡം മതിലിൽ നേരത്തെ തന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം വരച്ചിട്ടുണ്ട്. ഈ അധ്യയന വർഷം മുതൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള മൈനർ പേപ്പറിലെ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധനെ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ചരിത്ര വിഭാഗം മേധാവി ഡോ. സഖറിയ തങ്ങൾ പറഞ്ഞു.

മഹാരാജാസിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ നടൻ മമ്മൂട്ടിയും സിലബസിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാം വർഷ ചരിത്ര ബിരുദവിദ്യാർത്ഥികൾ പഠിക്കുന്ന മേജർ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികൾ പഠിക്കുന്ന മൈനർ പേപ്പറിലെ ചിന്തകന്മാരും സാമൂഹിക പരിഷ്‌കർത്താക്കളും എന്ന ഭാഗത്ത് മലയാള ഭാഷാ പണ്ഡിതനും മിഷണറിയുമായ അർണോസ് പാതിരി, കൊച്ചിയിലെ ജൂത വിഭാഗത്തിൽപ്പെട്ട പരിഷ്‌കർത്താക്കളായ എബ്രഹാം സലേം, എസ് എസ് കോഡർ, ആലുവയിൽ മുസ്ലിങ്ങൾക്കായി കോളജ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങൾ എന്നിവർ ഉൾപ്പെടുന്നു. ഇവരെ കൂടാതെ, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും മപ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ വനിത വക്കീൽ ഫാത്തിമ റഹ്മാൻ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിൻസിപ്പൽ പ്രൊഫ. പി എസ് വേലായുധൻ എന്നിവരെയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.