പക്ഷിയോടുപമിച്ച് ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ

  1. Home
  2. Trending

പക്ഷിയോടുപമിച്ച് ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ

sudha menon  


പക്ഷിയോടുപമിച്ച് ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തിൽ സ്വന്തം കൂട്ടിൽ നിരന്തരം കാഷ്ഠിക്കാറി​ല്ലെന്നായിരുന്നു സുധ മേനോന്റെ കുറിപ്പ്. ‘പറക്കാൻ അനുമതി ചോദിക്കേണ്ട, ചിറകുകൾ നിന്റേതാണ്, ആകാശം ആരുടേതുമല്ല’ എന്ന അടിക്കുറിപ്പോടെ പറന്നുപോകാനിരിക്കുന്ന പക്ഷിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ശശി തരൂർ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തന്റെ മോദി വാഴ്ത്തലിനെ രൂക്ഷഭാഷയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചതിന് പിന്നാലെയായിരുന്നു ഈ പോസ്റ്റ്. പാർട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം മോദിയെ വാഴ്ത്തി ശശി തരൂർ ബി.ജെ.പിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സംഭവം.

‘വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും, വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തിൽ സ്വന്തം കൂട്ടിൽ നിരന്തരം കാഷ്ഠിക്കാറില്ല. കൂട് അഭയം കൂടിയാണ്. അൻപത് കോടിയുടെ ഗേൾഫ്രണ്ട് എന്ന ആക്ഷേപം ചിലർ ഉന്നയിച്ചപ്പോഴും, മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുള്ള സുന്ദരാകാശമായിരുന്നില്ല എന്നും പക്ഷികൾ ഓർമ്മിക്കണം...’ -സുധാമേനോൻ വ്യക്തമാക്കി. നിരന്തരം പാർട്ടി നിലപാട് തള്ളി മോദിയെ പുകഴ്ത്തുന്ന തരൂർ ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിൽ മോദിയെ പ്രശംസിച്ചിരുന്നു. ഇതേക്കുറിച്ച് ബുധനാഴ്ച രാവിലെ ഇന്ദിര ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് തരൂർ ‘പക്ഷി’ പോസ്റ്റിട്ടത്. തരൂരിന്റെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതോടെ തരൂർ ബി.ജെ.പിയിലേക്കെന്ന് വാർത്തകൾ വന്നു. എന്നാൽ, ബി.ജെ.പിയിലേക്കില്ലെന്ന് മോസ്കോയിലുള്ള തരൂർ പ്രതികരിച്ചു. തൻറെ ലേഖനത്തെ ബി.ജെ.പിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നും അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ദേശീയതക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തൻറെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.