സി.പി.എം നയരേഖയിലെ സെസും ഫീസും അടക്കം നിർദേശങ്ങൾ; ചർച്ചക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി

  1. Home
  2. Trending

സി.പി.എം നയരേഖയിലെ സെസും ഫീസും അടക്കം നിർദേശങ്ങൾ; ചർച്ചക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി

m v govindhan


 


സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരിൽ വികസനം മുടക്കാനാകില്ലെന്നും നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന വാദം ആവർത്തിക്കുകയാണ് ഗോവിന്ദൻ. 

നയരേഖ ഇന്ന് സമ്മേളനം ചർച്ച ചെയ്യും. നാല് മണിക്കൂറാണ് ചർച്ച. സ്വകാര്യ നിക്ഷേപങ്ങൾക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിർദേശങ്ങൾ അടങ്ങിയ നയരേഖയിൽ ജില്ല കമ്മിറ്റികൾ അഭിപ്രായം അറിയിക്കും. പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ എംവി ഗോവിന്ദന്‍റെ മറുപടിയും ഇന്നുണ്ടാകും.  

പിണറായിയുടെ നിർദേശങ്ങൾക്കുളള പിന്തുണ എം വി ഗോവിന്ദൻ ഇന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആവർത്തിക്കുന്നു. 'നിരവധി തുടർവികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്‌ക്കുന്നത്. ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ അവഗണിക്കുകയാണ്. 

പണമില്ലെന്ന് പറഞ്ഞ് വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയില്ല. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകൾ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും
എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുമുള്ള ചോദ്യം രേഖ ഉയർത്തുന്നത്. ഈ സന്ദർഭത്തിലാണ് വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതല്ല.