പീഡന പരാതിയിൽ ബി.വി ശ്രീനിവാസിന് മുൻകൂർ ജാമ്യം; പരാതിക്കാരിക്ക് കോടതിയുടെ വിമർശനം

  1. Home
  2. Trending

പീഡന പരാതിയിൽ ബി.വി ശ്രീനിവാസിന് മുൻകൂർ ജാമ്യം; പരാതിക്കാരിക്ക് കോടതിയുടെ വിമർശനം

vvk


പീഡന പരാതിയിൽ അസം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി ശ്രീനിവാസിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ ശ്രീനിവാസ് അറസ്റ്റിലാകുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിന് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ശ്രീനിവാസിനോട് സുപ്രീം കോടതി നിർദേശിച്ചു.

അസം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷ ഡോ. അങ്കിതാ ദാസ് ആണ് ശ്രീനിവാസിനെതിരെ പീഡന പരാതി നൽകിയത്. ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ വെച്ച് ശ്രീനിവാസ് മാനസികമായി പീഡിപ്പിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എന്നാൽ, സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

പാർട്ടിക്ക് അങ്കിത ദാസ് പരാതി നൽകിയിരുന്നെന്ന് അസം പൊലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജു ചൂണ്ടിക്കാട്ടി. എന്നാൽ, പീഡനക്കേസിൽ പാർട്ടിക്ക് ക്രിമിനൽ നടപടി പ്രകാരമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലല്ലോ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകയായ അങ്കിത ദാസിന് നിയമം അറിയാവുന്നതല്ലേയെന്നും ബെഞ്ച് ആരാഞ്ഞു. ബി.വി ശ്രീനിവാസിനോട് ആന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ മെയ് 22-ന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചു.