ജീവനക്കാരുടെ നിയമനത്തിൽ സുപ്രീം കോടതി സംവരണം ഏർപ്പെടുത്തി

75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി, പട്ടികവർഗ ജീവനക്കാരുടെ നേരിട്ടുള്ള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണനയം പ്രഖ്യാപിച്ച് സുപ്രീം കോടതി. രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ നിയമനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നയം ജൂൺ 23 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ സംവരണനയം അനുസരിച്ച്, പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം ക്വാട്ടയും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനം ക്വാട്ടയും പ്രമോഷനുകളിൽ ലഭിക്കും.
രജിസ്ട്രാർമാർ, സീനിയർ പേഴ്സനൽ അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് ലൈബ്രേറിയന്മാർ, ജൂനിയർ കോടതി അസിസ്റ്റന്റുമാർ, ചേംബർ അറ്റൻഡന്റുമാർ എന്നിവർക്ക് സംവരണ ആനുകൂല്യമുണ്ട്. ഇനിമുതൽ, സുപ്രിംകോടതി ജീവനക്കാരിൽ പട്ടികജാതി, പട്ടികവർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുണ്ടാവുക. മാതൃകാ സംവരണ റോസ്റ്ററും രജിസ്റ്ററും ആഭ്യന്തര ഇ-മെയിൽ ശൃംഖലയിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. റോസ്റ്ററിലോ രജിസ്റ്ററിലോ തെറ്റുകളുണ്ടെങ്കിൽ ജീവനക്കാർക്ക് രജിസ്ട്രാറെ (റിക്രൂട്ട്മെന്റ്) അറിയിക്കാം. സർക്കാർ സ്ഥാപനങ്ങളിലും ഹൈകോടതികളിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണമുള്ളപ്പോൾ സുപ്രിംകോടതി മാത്രം എന്തുകൊണ്ട് മാറിനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു.