കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും. ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചു. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും സംബഭവത്തിൽ നിശിതമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടു. സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.