തന്നെ പിന്തുടർന്ന് സൈബർ ബുള്ളിയിങ് ചെയ്യുന്ന സ്ത്രീയെ വെളിപ്പെടുത്തി സുപ്രിയ മേനോൻ
വർഷങ്ങളായി തന്നെ പിന്തുടർന്ന് സൈബർ ബുള്ളിയിങ് ചെയ്യുന്ന സ്ത്രീയെ വെളിപ്പെടുത്തി സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിലൂടെ യുവതിയുടെ മുഖവും പേരും വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രിയ ബുള്ളിയിങിനോട് പ്രതികരിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനായി യുവതി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്. വർഷങ്ങൾ മുമ്പ് തന്നെ യുവതി ആരെന്ന് താൻ കണ്ടെത്തിയിരുന്നു. എന്നാൽ അവർക്കൊരു കുഞ്ഞുണ്ടെന്നതിനാൽ വിട്ടു കളഞ്ഞതാണെന്നാണ് സുപ്രിയ പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. ഫിൽറ്ററിന് പോലും അവരുടെ ഉള്ളിലെ വെറുപ്പ് മറച്ചു വെക്കാൻ സാധിക്കില്ലെന്നും സുപ്രിയ പറയുന്നു.
''ക്രിസ്റ്റീന എൽദോയെ പരിചയപ്പെടൂ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകൾ പങ്കുവെക്കുകയാണ് ഇവർ. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. ഞാൻ ഇവരെ സ്ഥിരമായി ബ്ലോക്ക് ചെയ്ത് വരികയായിരുന്നു. വർഷങ്ങൾ മുമ്പ് തന്നെ ഇവർ ആരെന്ന് ഞാൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്കൊരു ചെറിയ മകനുണ്ടെന്ന് അറിഞ്ഞതിനാൽ വിട്ടുകളുകയായിരുന്നു. പക്ഷെ 2018 മുതൽ ഇവർ എനിക്കെതിരെ തുപ്പുന്ന വൃത്തികേട് മറയ്ക്കാൻ ഈ ഇട്ടിരിക്കുന്ന ഫിൽട്ടറിന് പോലും സാധിക്കില്ല'' എന്നാണ് സുപ്രിയയുടെ പ്രതികരണം.
