സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; അറസ്റ്റില്ല, വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷൻ കവാടത്തിൽ മുദ്രാവാക്യം മുഴക്കി. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. 'കോഴിക്കോട് എസ്.ജിയ്ക്കൊപ്പം' എന്ന പ്ലക്കാർഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതായിരുന്നു കേസ്.