സുരേഷ് ഗോപിയുടെ കൈവശം 53.30 ലക്ഷത്തിൻ്റെ സ്വർണ്ണം; രണ്ട് കാരവാൻ അടക്കം 2.53 കോടിയുടെ എട്ട് വാഹനങ്ങൾ

  1. Home
  2. Trending

സുരേഷ് ഗോപിയുടെ കൈവശം 53.30 ലക്ഷത്തിൻ്റെ സ്വർണ്ണം; രണ്ട് കാരവാൻ അടക്കം 2.53 കോടിയുടെ എട്ട് വാഹനങ്ങൾ

suresh goopi


സുരേഷ് ഗോപിയുടെ കൈവശം 53.30 ലക്ഷം രൂപയുടെ മൂല്യമുള്ള 1025 ഗ്രാം സ്വര്‍ണ്ണാഭരണം ഉള്ളതായി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തൽ. പങ്കാളിയുടെ കൈവശം 54.60 ലക്ഷം രൂപയുടെ മൂല്യമുള്ള 1050 ഗ്രാം സ്വര്‍ണ്ണാഭരണമുണ്ടെന്നും സത്യവാങ് മൂലത്തിലുണ്ട്. ആശ്രിതരില്‍ ഒരാളുടെ കൈവശം 2600088 രൂപ മൂല്യമുള്ള 500 ഗ്രാം സ്വര്‍ണ്ണവും മറ്റൊരു ആശ്രിതന്റെ കൈവശം 1040000 രൂപ മൂല്യമുള്ള 200 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുണ്ടെന്നും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു.

സുരേഷ് ഗോപിയുടെ കൈവശം പണമായി 44000 രൂപയും ജീവിതപങ്കാളിയുടെ കൈവശം 32000 രൂപയും രണ്ട് ആശ്രിതരുടെ കൈവശം 15000 രൂപ വീതവുമുണ്ടെന്നും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഏഴ് ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് നിക്ഷേപങ്ങൾ ഉള്ളതായും പറയുന്നു. 67 ലക്ഷം രൂപയുടെ പോസ്റ്റൽ സേവിങ് / പോളിസിയും ഉണ്ടെന്നാണ് സത്യവാങ് മൂലം സാക്ഷ്യപ്പെടുത്തുന്നത്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപ ആകെ വരുമാനമെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 വർഷത്തെ ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഭാര്യയുടെ വരുമാനം 4.13 ലക്ഷമെന്നും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിവിധ ബാങ്കുകളിലായി സുരേഷ് ഗോപിക്ക് 61 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.