പാകിസ്ഥാന് ഇപ്പോൾ ചൈനയുടെയും പിന്തുണയില്ലെന്ന് ശശി തരൂർ

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂർ എംപി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘർഷം മൂർച്ഛിക്കുമ്പോൾ, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള യുദ്ധം ആരും കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്ന് ശശി തരൂർ പറഞ്ഞു. റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നിവ മാത്രമാണ് ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചത്. 2001 ലെ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെ അമേരിക്ക എന്തെങ്കിലും പറയണമായിരുന്നു.
എന്നാൽ അതിശയകരമെന്നു പറയട്ടെ, ചൈന പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ചൈന മറന്നിട്ടില്ല. ഉയർന്ന തീരുവകളുടെ ട്രംപിയൻ ലോകത്ത് ഇന്ന് ചൈനയ്ക്ക് ഇന്ത്യൻ വിപണി കൂടുതൽ പ്രധാനമാണ്. മുമ്പ് ഒരിക്കലും ആവശ്യമില്ലാത്ത വിധത്തിൽ ചൈനയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്. ഒരു യഥാർത്ഥ യുദ്ധം ഉണ്ടായിരുന്നെങ്കിൽ, അവർ പാകിസ്ഥാനെ പിന്തുണയ്ക്കുമായിരുന്നു. എന്നാൽ ഒരു യുദ്ധം തടയാൻ, എന്റെ അഭിപ്രായത്തിൽ ചൈന ഒരു ക്രിയാത്മക സമീപനം സ്വീകരിക്കും. ശശി തരൂർ അഭിപ്രായപ്പെട്ടു.