ബ്രഹ്മപുരം കരാർ കമ്പനി ഇടപാടിൽ എം. ശിവശങ്കറിനു പങ്കുണ്ട്; ആരോപണവുമായി സ്വപ്ന സുരേഷ്

ബ്രഹ്മപുരത്തെ കരാർ കമ്പനിയുമായുള്ള ഇടപാടിൽ എം. ശിവശങ്കറിനു പങ്കുണ്ടെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ആരോപിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്വപ്ന ബ്രഹ്മപുരം തീപിടിത്തത്തിലും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
12 ദിവസത്തെ മൗനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വെടിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന കുറിപ്പ് ആരംഭിക്കുന്നത്. ഈ വിഷയത്തിൽ നിങ്ങൾ നിയമസഭയിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാമെന്നും, നിങ്ങളുടെ വലംകൈയായ ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാവാമെന്നാണ് സ്വപ്ന ആരോപിക്കുന്നത്. "നിങ്ങൾ കാരണം കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടി വന്ന ഒരാളാണ് ഞാനും. പക്ഷേ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഞാൻ പ്രതികരിക്കുന്നത്."- സ്വപ്ന സുരേഷ് പറഞ്ഞു.
കരാർ കമ്പനിക്കു കൊടുത്ത മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ അടക്കമുള്ളവർക്ക് നൽകണമെന്നും ഇവർ കുറിപ്പിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.