യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ തൊഴിലവസരങ്ങൾ ലഭ്യമാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ യുവജനങ്ങൾക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങൾ ലഭ്യമാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ എംഎസ്എംഇ കൾ ഉൾപ്പെടെയുള്ള വ്യവസായ സംരംഭങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകും. വ്യവസായ വാണിജ്യ വകുപ്പിൻറേയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കേര പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുറ്റ മനുഷ്യവിഭവശേഷിയും ടാലൻറ് പൂളും കേരളത്തിലുണ്ട്. കേരളം വിട്ടുപോയ മലയാളികൾ തിരിച്ചു വരുന്നത് ശ്രദ്ധേയമാണ്. പുറംനാടുകളിലേക്ക് പോകാതെ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ ജോലി ചെയ്യാനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജിഡിപിയുടെ 30 ശതമാനത്തോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) നിന്നാണ് ലഭിക്കുന്നത്. മൂന്നര ലക്ഷം എംഎസ്എംഇ കൾ 4 വർഷത്തിനുള്ളിൽ കേരളത്തിൽ പുതുതായി രജിസ്റ്റർ ചെയ്തത് ചരിത്രനേട്ടമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ളാനിൽ ഒന്നാം റാങ്ക് കേരളത്തിനാണെന്നതിൽ ഓരോ മലയാളിയ്ക്കും അഭിമാനിക്കാം. വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും അനുയോജ്യമായ അന്തരീക്ഷം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ് ഡിഐ) ഈ വർഷം നൂറ് ശതമാനം വളർച്ച കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്.
എംഎസ്എംഇ കളേക്കാൾ ചെറിയ സംരംഭങ്ങളായ 'നാനോ' യെ ശക്തിപ്പെടുത്താനുള്ള 'മിഷൻ 10000' ഉടൻ ആരംഭിക്കും. 10000 സംരംഭങ്ങളെ ഒരുകോടി ടേണോവറിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇത്തരം പദ്ധതികൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഐഐഎം ഇൻഡോർ, സെൻറർ ഫോർ മാനേജ്മെൻറ് ഇൻ ഡെവലപ്മെൻറ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ എംഎസ്എംഇ കളുമായി ബന്ധപ്പെട്ട പഠനങ്ങൾ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ 31 ശതമാനത്തോളം വരുന്ന വനിത സംരംഭകരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഐഐഎം ഇൻഡോറിൻറെ പഠനറിപ്പോർട്ട് കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എംഎസ്എംഇ കളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സിഎംഡി ട്രിവാൻഡ്രത്തിൻറെ പഠനത്തിനെ അടിസ്ഥാനമാക്കിയാണ് ഈ മേഖലയിൽ തുടർച്ചയായ 10 പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വിപണനം ലക്ഷ്യമിട്ട് പ്രാദേശിക എംഎസ്എംഇ ഉത്പന്നങ്ങൾക്കായി കെ സ്റ്റോറുകളിൽ നിശ്ചിത സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. ഏകദേശം 30 കോടിയുടെ എംഎസ്എംഇ ഉത്പന്നങ്ങൾ ഒരു കൊല്ലത്തിനുള്ളിൽ കെ സ്റ്റോർ വഴി വില്ക്കാൻ കഴിയും. ഓൺലൈൻ പ്ലാറ്റ് ഫോമായ കെ ഷോപ്പിയും ചെറുകിട സംരംഭകർക്ക് വലിയ സാധ്യത തുറന്നിടുന്നു. നൻമയെന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നല്കിയത് പോലെ പത്തോളം ഉത്പന്നങ്ങൾക്ക് കൂടി നല്കും. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക് എംഎസ്എംഇ കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ 38 എണ്ണത്തിന് ഡെവലപ്പർ പെർമിറ്റ് ലഭിച്ചിരുന്നു. ഡെവലപ്പർ പെർമിറ്റ് നേടിയ മൂന്ന് കാമ്പസ് ഇൻറസ്ട്രിയൽ പാർക്കുകൾക്കൊപ്പം എട്ടെണ്ണത്തിനു കൂടി പെർമിറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.