തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; 'കയൽ' പരമ്പരയിലെ താരം, അന്വേഷണം ആരംഭിച്ച് പോലീസ്

  1. Home
  2. Trending

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; 'കയൽ' പരമ്പരയിലെ താരം, അന്വേഷണം ആരംഭിച്ച് പോലീസ്

SUBHASHINI


തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ അയ്യപ്പൻതങ്കലിലെ അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രശസ്ത തമിഴ് പരമ്പരയായ 'കയലി'ലെ വില്ലത്തി വേഷത്തിലൂടെയാണ് സുഭാഷിണി ശ്രദ്ധിക്കപ്പെട്ടത്. ശ്രീലങ്കൻ വംശജയായ നടി സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഭർത്താവ് ബിബിൻ ചന്ദ്രയുമായുള്ള ചിത്രങ്ങൾ പതിവായി പങ്കുവെക്കാറുണ്ടായിരുന്ന നടിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ തർക്കമുണ്ടായതായി ചില പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

'കയൽ' കൂടാതെ 'എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ' (2023), 'വെബ്' (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്. നടിയുടെ വിയോഗത്തിൽ തമിഴ് ടെലിവിഷൻ ലോകത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 0471-2552056)