തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും; ഡിഎംകെ മുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് രണ്ട് സീറ്റുകളിൽ മത്സരിക്കും. പാപനാശം, വാണിയമ്പാടി എന്നീ മണ്ഡലങ്ങളിലാണ് ലീഗ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ (DMK) നയിക്കുന്ന ഇൻഡ്യ (I.N.D.I.A) മുന്നണിയുടെ ഭാഗമായാണ് ലീഗ് മത്സരിക്കുന്നത്. സ്വന്തം ചിഹ്നമായ 'കോണി' അടയാളത്തിൽ തന്നെയാകും സ്ഥാനാർത്ഥികൾ മത്സരരംഗത്തിറങ്ങുകയെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
മുന്നണിയിലെ മറ്റ് കക്ഷികളുടെ സീറ്റ് വിഭജനവും പൂർത്തിയായിട്ടുണ്ട്. കോൺഗ്രസ് 28 സീറ്റിലും വിസികെ (VCK) എട്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. ഇടത് പാർട്ടികളായ സിപിഎമ്മും സിപിഐയും അഞ്ച് സീറ്റുകളിൽ വീതം മത്സരിക്കും. ഡിഎംഡികെ, എംഡിഎംകെ, എംഎംകെ തുടങ്ങി വലിയൊരു കക്ഷിനിര തന്നെ ഡിഎംകെ മുന്നണിയിലുണ്ട്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
