വീണ്ടും ദുരഭിമാനക്കൊല; ഐടി ജീവനക്കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ പോലീസ് ദമ്പതികളുടെ മകൻ അറസ്റ്റിൽ

  1. Home
  2. Trending

വീണ്ടും ദുരഭിമാനക്കൊല; ഐടി ജീവനക്കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ പോലീസ് ദമ്പതികളുടെ മകൻ അറസ്റ്റിൽ

    dalit techie     


തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഐടി ജീവനക്കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ പൊലീസ് ദമ്പതികളുടെ മകൻ അറസ്റ്റിലായി. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിൻ സെൽവ ഗണേഷ് (27) ആണ് കൊല്ലപ്പെട്ടത്. പോലീസ് സബ് ഇൻസ്പെക്ടർമാരായ ശരവണൻ, കൃഷ്ണകുമാരി, മകൻ എസ് സുർജിത്ത് (21) എന്നിവരാണ് കേസിലെ പ്രതികൾ. ഇതരജാതിയിൽപ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിൻറെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും പൊലീസ് ദമ്പതികളുടെ മകളും സഹപാഠികളായിരുന്നു. 

കവിൻ ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കവിനുമായി സംസാരിക്കുന്നതിനെ യുവതിയുടെ മാതാപിതാക്കളും സഹോദരനും എതിർത്തിരുന്നു. കവിനും അനിയനും ഇതുമായി ബന്ധപ്പെട്ട് താക്കീത് നൽകിയിരുന്നു.

ഞായറാഴ്ച കവിൻ കെടിസി നഗറിൽ തന്റെ മുത്തച്ഛനുമൊത്ത് ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ പ്രതിയായ സുർജിത്ത് എത്തുകയും മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതിൻറെ അടിസ്ഥാനത്തിൽ കവിൻ സുർജിത്തിൻറെ ഇരുചക്രവാഹനത്തിൽ അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുർജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുർജിത്ത് കവി പിന്തുടർന്ന് കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

വഴിയാത്രക്കാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സുർജിത്തിനെ പിടികൂടുകയായിരുന്നു. കവിൻ സഹോദരിയെ പിന്തുടർന്ന് ശല്യം ചെയ്തെന്നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഉപദ്രവിക്കുന്നത് തുടർന്നതിനാൽ കൊലപാതകം ചെയ്തെന്നാണ് സുർജിത്ത് മൊഴി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കവിൻറേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചു. പ്രതികൾ പൊലീസുകാരായതിനാൽ കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിൻറെ കുടുംബം ആരോപിച്ചു.