തത്കാൽ ലഭ്യത 72; ടിക്കറ്റിൽ വെയിറ്റിങ് 50; യാത്രക്കാരെ പറ്റിച്ച് റെയിൽവേ സൈറ്റ്

  1. Home
  2. Trending

തത്കാൽ ലഭ്യത 72; ടിക്കറ്റിൽ വെയിറ്റിങ് 50; യാത്രക്കാരെ പറ്റിച്ച് റെയിൽവേ സൈറ്റ്

train


തീവണ്ടിയാത്രയ്ക്കുള്ള അവസാനപ്രതീക്ഷയായ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ആവശ്യക്കാരെ പറ്റിച്ച് റെയിൽവേ. ഔദ്യോഗിക ഐ.ആർ.സി.ടി.സി. സൈറ്റാണ് തീവണ്ടിയാത്രക്കാരെ പറ്റിക്കുന്നത്. ഞായറാഴ്ച യാത്രയ്ക്ക് തത്കാൽ ടിക്കറ്റിന് സൈറ്റിൽ ശനിയാഴ്ച ബുക്ക് ചെയ്തവർക്കാണ് വെയിറ്റിങ് ടിക്കറ്റ് കിട്ടിയത്. യാത്ര ചെയ്യാനായില്ലെന്നു മാത്രമല്ല, 60 രൂപ റദ്ദാക്കൽ നിരക്കും പിടിച്ചു. ബാക്കി തുക കിട്ടുന്നതോ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം.

രാവിലെ 11-നാണ് സ്ലീപ്പർ തത്കാൽ ബുക്കിങ് തുടങ്ങുക. ശനിയാഴ്ച കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് തത്കാൽ ബുക്ക് ചെയ്യാൻ കണ്ണൂർ സ്വദേശി സൈറ്റിൽ കയറി. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ (16348) 11.02-ന് 72 ആയിരുന്നു ലഭ്യത. അഞ്ചുമിനിറ്റിനുള്ളിൽ ബുക്ക് ചെയ്തു. പക്ഷേ, ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് വന്നപ്പോൾ തത്കാൽ വെയിറ്റിങ് 48. 415 രൂപയാണ് ഓൺലൈൻ ടിക്കറ്റ് തുക. ഇനി സേവനനിരക്കും റദ്ദാക്കൽ തുകയും കഴിച്ചേ റീഫണ്ട് കിട്ടൂ.

11.15-ന് നോക്കിയപ്പോൾ ലഭ്യത 42. പ്രശ്‌നമുണ്ടെന്ന് തോന്നിയതിനെ തുടർന്ന് സ്റ്റേഷൻ റിസർവേഷൻ കൗണ്ടറിൽ അന്വേഷിച്ചു. തത്കാൽ ബുക്കിങ് തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽ തിരുവനന്തപുരം എക്സ്പ്രസ്, മലബാർ ഉൾപ്പെടെയുള്ള വണ്ടികളിൽ തത്കാൽ ടിക്കറ്റുകൾ തീർന്നിരുന്നുവെന്ന് മറുപടി. തുടർന്ന് അഞ്ചുമിനിറ്റിനുള്ളിൽ പ്രീമിയം തത്കാലും തീർന്നിരുന്നു. എന്നാൽ 11 മുതൽ 11.30 വരെ സൈറ്റിൽ 72, 40, 22 പ്രകാരം ലഭ്യത കാണിച്ചു. ഇതുപ്രകാരം ബുക്ക് ചെയ്തവർക്കെല്ലാം പണംപോയി. യഥാർഥത്തിൽ അപ്പോൾ വെയിറ്റിങ് ലിസ്റ്റ് 100 കഴിഞ്ഞിരുന്നു.

കണ്ണൂർ-ബെംഗളൂരു യശ്വന്ത്പുരയിൽ ബുക്ക് ചെയ്ത തലശ്ശേരി സ്വദേശിക്കും ’ഇത്തരം’ ലഭ്യതയാണ് ഔദ്യോഗിക ടിക്കറ്റ് കാണിച്ചത്. പക്ഷേ, ടിക്കറ്റിൽ വെയിറ്റിങ്ങും. ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ലഭ്യത അല്ലെങ്കിൽ വെയിറ്റിങ് മാത്രമാണ് കാണിക്കുക. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം മാത്രമേ ബെർത്ത് സ്ഥിതി കാണിക്കൂ. ഇങ്ങനെ ഒരിക്കലും ഉറപ്പാകാത്ത വെയിറ്റിങ് നൽകി റദ്ദാക്കൽ നിരക്ക് ഈടാക്കുകയാണ് റെയിൽവേ. സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റ് എടുക്കാൻ റെയിൽവേ ഇ-ടിക്കറ്റിന് പ്രാധാന്യം നൽകുമ്പോഴാണ് സൈറ്റ് അപ്‌ഡേഷൻ ഇല്ലാതെ യാത്രക്കാരെ പറ്റിക്കുന്നത്.