സംഘങ്ങള്‍ അസമിലേക്ക്: ആനകള്‍ കേരളത്തിലെത്തും

  1. Home
  2. Trending

സംഘങ്ങള്‍ അസമിലേക്ക്: ആനകള്‍ കേരളത്തിലെത്തും

ELEPHANT


വിലക്ക് നീങ്ങിയതോടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആനക്കൈമാറ്റങ്ങള്‍ക്ക് ശ്രമം സജീവമായി. ആനകളെ കണ്ടെത്താനായി കേരളത്തില്‍നിന്നുള്ള അനേകം സംഘങ്ങള്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തി. തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ളവര്‍ ആനകളെ വാങ്ങാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആന കൈമാറ്റത്തിനുള്ള അപേക്ഷകള്‍ നല്‍കിത്തുടങ്ങി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ആനകള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങുമെന്നാണ് സൂചന. ഫണ്ട് കൈമാറ്റത്തിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കുന്നത്. ഒരുകോടിക്കു മുകളിലാണ് ഒരു ആനയുടെ നിലവിലെ വില.

ഗുരുവായൂര്‍, കൊച്ചിന്‍, ചോറ്റാനിക്കര ദേവസ്വങ്ങള്‍ക്ക് ആനയെ വാങ്ങിനല്‍കാന്‍ സന്നദ്ധരായും പലരും വരുന്നുണ്ട്. 1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളായതോടെയാണ് ആനക്കൈമാറ്റത്തിന് അരങ്ങൊരുങ്ങിയത്. 2022 ഡിസംബറില്‍ നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ സജ്ജമാക്കാത്തതിനാല്‍ ആനക്കൈമാറ്റം നടന്നിരുന്നില്ല. ചട്ടങ്ങള്‍ നിലവില്‍വന്നതോടെ സംസ്ഥാനത്തിനകത്തെ ആനക്കൈമാറ്റങ്ങള്‍ക്കുള്ള വിലക്കും അവസാനിച്ചിരുന്നു. ഇത്തരം കൈമാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

എന്നാല്‍, അംഗീകൃത രക്ഷാകേന്ദ്രത്തിലേക്കുള്ള ആനക്കൈമാറ്റങ്ങള്‍ ഒഴികെയുള്ളവയെല്ലാം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര വനംമന്ത്രിക്ക് ഇവര്‍ അപേക്ഷ നല്‍കി. നിലവിലെ നാട്ടാനകളുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരുന്നതുവരെയെങ്കിലും ആനക്കൈമാറ്റം തടയണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ നിയമഭേദഗതിയിലൂടെ ലഭിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി വേണമെന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു.