തെലങ്കാന ഫാർമ ഫാക്ടറി സ്‌ഫോടനത്തിൽ മരണം 42 ആയി

  1. Home
  2. Trending

തെലങ്കാന ഫാർമ ഫാക്ടറി സ്‌ഫോടനത്തിൽ മരണം 42 ആയി

 blast     


തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ പറയുന്നു. ഇന്നലെ രാത്രി 34 മരണമാണ് സ്ഥിരീകരിച്ചിരുന്നത്. 20 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മൂന്നുനില കെട്ടിടം തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാവിലെ 8:15 നും 9:35 നും ഇടയിലാണ് റിയാക്ടറിനുള്ളിലെ രാസപ്രവർത്തനം മൂലം സ്‌ഫോടനം ഉണ്ടായത്. എന്നാൽ ഫാക്ടറിയിലെ എയർ ഡ്രെയറിലെ തകരാറാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമെന്നാണ് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതെന്ന് തൊഴിൽമന്ത്രി ജി വിവേക് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. അതേസമയം സ്‌ഫോടനത്തിൽ സംസ്ഥാന സർക്കാർ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്‌പെൽ ചീഫ് സെക്രട്ടറി ( ദുരന്ത നിവാരണം), തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ഡിജിപി ( ഫയർ സർവീസസ് ) എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെയാണ് നിയോഗിച്ചത്. സ്‌ഫോടനത്തിന്റെ കാരണങ്ങൾ, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.