സംസ്ഥാനത്ത് 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

  1. Home
  2. Trending

സംസ്ഥാനത്ത് 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

temperature


സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെ വീണ്ടും താപനില ഉയരുന്നു. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. 2°C മുതൽ 4°C വരെ താപനില ഉയരാനാണ് സാധ്യതയുള്ളത്.

കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും താപനില ഉയർന്നേക്കും. ഈ സാഹചര്യത്തിൽ നിർജലീകരണവും സൂര്യാതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചു.

അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 2 ദിവസത്തിനുള്ളിൽ കാലവർഷം  നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരും. കേരള – കർണാടക – ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്‌ നൽകി.