മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ, ഭീഷണിപ്പെടുത്തി: കാസർകോട് തട്ടിക്കൊണ്ട് പോയ 10 വയസ്സുകാരിയുടെ മൊഴി

  1. Home
  2. Trending

മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ, ഭീഷണിപ്പെടുത്തി: കാസർകോട് തട്ടിക്കൊണ്ട് പോയ 10 വയസ്സുകാരിയുടെ മൊഴി

rape


കാസർകോട് പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.

സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെ കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിൻറെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി വീടിനു അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ കമ്മലുകൾ കവർന്നു. അതിനുശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്.