അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 43 ആയി

അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 43 പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ 15 കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 27 പെൺകുട്ടികളെ കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. മണിക്കൂറുകൾ കഴിയുന്തോറും ആളുകളെ കണ്ടെത്താനുളള സാധ്യത കുറഞ്ഞു വരുന്നതായി ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെൻ്റ് മേധാവി നിം കിഡ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഗ്വാഡലൂപ്പെ നദിക്കരയിൽ നടത്തിയ ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളെ ഇപ്പോഴും കാണാനില്ലെന്ന് കെർവില്ലെ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് പറഞ്ഞു.
പ്രദേശത്തുണ്ടായിരുന്ന കുറച്ച് പേരെ കൂടി കാണാനില്ലെന്നും ഡാൽട്ടൺ റൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസിൽ വെള്ളിയാഴ്‌ച പുലർച്ചെ തുടങ്ങിയ മഴയിൽ 45 മിനിറ്റിനുള്ളിൽ 26 അടി (8 മീറ്റർ) വെളളം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 850 ഓളം പേരെ രക്ഷപ്പെടുത്തി. 1,700-ലധികം ആളുകളാണ് രക്ഷാപ്രവർത്തനത്തിനായി സജ്ജരായിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മരിച്ച 43 പേരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 17 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ക്യാമ്പിൽ പങ്കെടുത്ത ഒരു പെൺകുട്ടി ഉളളതായി കുട്ടിയുടെ ബന്ധു സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റർ എന്നിവ സജ്ജമാണ്.