ഹരിയാനയിൽ ബി ജെ പി സർക്കാറിനെ പിരിച്ചു വിടണം; കോൺഗ്രസ്, കോടതിയെ സമീപിക്കും

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ബി ജെ പി സർക്കാറിനെ പിരിച്ചുവിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു സ്വതന്ത്ര എം എൽ എകൂടി ഗവർണർക്ക് കത്ത് നൽകി. ഹരിയാനയിൽ ഇനി ഗവർണർ ബന്ദാരു ദത്താത്രേയയുടെ നിലപാടാണ് ഏറ്റവും നിർണായകമാകുക. നായബ് സൈനി സർക്കാറിന് പിന്തുണ പിൻവലിച്ച 3 സ്വതന്ത്ര എം എൽ എമാരെ കൂടാതെയാണ് ഒരു എം എൽ എ കൂടി സർക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്.
മേഹം എം എൽ എയായ ബൽരാജ് കുണ്ടുവാണ് ഗവർണർക്ക് കത്ത് നൽകിയത്. മനോഹർലാൽ ഘട്ടർ സർക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച എം എൽ എയാണ് ബൽരാജ് കുണ്ടു. ജെ ജെ പിയും കോൺഗ്രസും കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു.
ഇതിനിടെ ബി ജെ പിയെ എതിർക്കുന്നതിനെ ചൊല്ലി ജെ ജെ പിയിൽ തുടങ്ങിയ തർക്കം പൊട്ടിത്തെറിയിലെത്തുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെ ജെ പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടൊഹാന എം എൽ എ ദേവേന്ദ്ര സിംഗ് ബബ്ലിയാണ് പരസ്യമായി മുന്നറിയിപ്പ് നൽകിയത്.