രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളം തടസമുണ്ടാക്കി കാർ; നടപടി എടുത്ത് എംവിഡി

രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം തടസമുണ്ടാക്കി കാർ. കോഴിക്കോട് കക്കോടി ബൈപ്പാസിന് അടുത്ത് വെച്ചായിരുന്നു ആംബുലന്‍സിന് മുന്നില്‍ ഇടക്കിടക്ക് ബ്രേക്കിട്ട് കാർ ഡ്രൈവർ അഭ്യാസം കാണിച്ചത്. സംഭവത്തിനെതിരെ പൊലീസിലും നന്മണ്ട ആര്‍ടിഒ അധികൃതര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും രക്തസമ്മര്‍ദ്ദം കുറഞ്ഞ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. ചേളന്നൂര്‍ മുതല്‍ കക്കോടി ബൈപാസ് വരെ ആംബുലന്‍സിന് കടന്നു പോവാൻ കഴിയാത്ത വിധത്തിൽ കാര്‍ പ്രയാസമുണ്ടാക്കി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സ് ഹോണ്‍ അടിച്ചിട്ടും കാര്‍ മുന്നില്‍ നിന്നും മാറാൻ വഴി നൽകാത്തതും, പെട്ടെന്ന് ബ്രേക്കിടുന്നതും വീഡിയോയില്‍ വ്യക്തമാണ്. കാര്‍ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടമായി ഉടമയ്ക്ക് നോട്ടീസ് അയച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.