മുഖ്യമന്ത്രി ഒളിച്ചോടുന്നു, ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ തന്റെടമില്ല; കെ.സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഭരണകക്ഷി എംഎൽഎ ഉന്നയിച്ച ആക്ഷേപങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയ്ക്ക് തന്റേടമില്ല. അതിനാലാണ് അത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്. ഈ ആക്ഷേപങ്ങളെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി സിപിഎം നേതൃത്വം തള്ളിക്കളഞ്ഞാലും അണികൾക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.
പ്രസ്ഥാനത്തോടും അണികളോടും മുഖ്യമന്ത്രിയ്ക്ക് യാതൊരു ആത്മാർത്ഥതയുമില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ പരമോന്നത നേതാവായ പിണറായിയുടെ ശ്രമം. പ്രതിപക്ഷത്തിനെതിരെ പി.വി അൻവർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ശക്തമായ നടപടിയെടുത്ത മുഖ്യമന്ത്രി തന്റെ ഓഫീസിൽ നടക്കുന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയപ്പോൾ അൻവറിനെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഉണ്ടായത്. ഇത് ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് കെ.സുധാകരൻ വ്യക്തമാക്കി.