മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി, തലയ്ക്ക് പരിക്ക്
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തിൽ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവർത്തകരെ ആംബുലൻസിൽ കൊണ്ടുപോയി.
പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്. എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പൊലീസ് ലാത്തിവീശി. സിപിഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വർക്കി പ്രതികരിച്ചു. ഇവരെ നീക്കം ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അബിൻ വർക്കി പറയുന്നത്. അതേസമയം, അബിൻ വർക്കിയെ തല്ലിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എംജി റോഡിൽ കുത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ബസ്സിൽ കയറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തേക്കിറങ്ങി. നിലവിൽ തലസ്ഥാനത്ത് ഒരു മണിക്കൂറായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.