സംഘർഷം ഉടൻ അവസാനിപ്പിക്കണം; നെതന്യാഹുവിനെ ഫോണിൽ വിളിച്ച് മോദി; യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാർഢ്യം
ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിലുള്ള ഇന്ത്യയുടെ കടുത്ത ആശങ്ക അദ്ദേഹം അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മോദി നെതന്യാഹുവിനെ ബന്ധപ്പെട്ടത്.
യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് പ്രസിഡന്റിനോട് മോദി നന്ദി അറിയിച്ചു. പ്രാദേശിക സുരക്ഷയ്ക്കും സമാധാന ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നയതന്ത്ര ഇടപെടൽ. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.
