സിപിഐഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിർത്താൻ; ഞങ്ങളുടെ മത്സരം ദേശീയ പതാക നിലനിർത്താൻ: പിഎംഎ സലാം

  1. Home
  2. Trending

സിപിഐഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിർത്താൻ; ഞങ്ങളുടെ മത്സരം ദേശീയ പതാക നിലനിർത്താൻ: പിഎംഎ സലാം

ebraham


കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിർത്താനാണെന്നും യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിർത്താനാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം. ജനങ്ങളെ നേരിടാനാവാതെ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ആ അവസരം നഷ്ടപ്പെട്ട നൈരാശ്യമാണ്.

നേരിടുന്ന അന്വേഷണത്തിൽ നിന്ന് മോചിതനാകാൻ കോൺഗ്രസ് അധികാരത്തിൽ വരരുതെന്ന തീവ്ര നിലപാടാണ് പിണറായിക്കെന്നും അദ്ദേഹം ആരോപിച്ചു. ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ കിട്ടുന്ന അവസരങ്ങളെല്ലാം മുഖ്യമന്ത്രി ഉപയോഗിക്കാറുണ്ട്. ആ അവസരം നഷ്ടപ്പെട്ടതിലെ നൈരാശ്യമാണ് മുസ്ലിം ലീഗ് പതാകയോട് തോന്നുന്ന സ്നേഹമെന്നും പിഎംഎ സലാം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

ദേശീയ പദവി നിലനിർത്താനാണ് കമ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നത്. ഞങ്ങൾ മത്സരിക്കുന്നത് ദേശീയ പതാക നിലനിർത്താനാണ്. അതിവൈകാരികതയല്ല, വിവേകത്തോടെയുള്ള മുന്നേറ്റത്തിനാണ് മതേതര മുന്നണി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങൾക്ക് പിന്നിലെന്ന് വ്യക്തം. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും.

സംസ്ഥാനത്ത് പെൻഷൻ മുതൽ സർവ്വ കാര്യങ്ങളും മുടങ്ങി കിടക്കുന്നു. ജനങ്ങളെ നേരിടാനാവാത്ത രീതിയിൽ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. റിയാസ് മൗലവി വധക്കേസിലെ അട്ടിമറിയുടെ അന്തർധാര ഞങ്ങൾ വ്യക്തമാക്കിയതാണ്. ലാവ്ലിൻ കേസ് ഇനിയും മാറ്റി വെക്കണമല്ലോ. ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരാജയപ്പെടുത്താൻ ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന കാര്യത്തിൽ എന്നും മുന്നിൽനിന്ന മുഖ്യമന്ത്രിക്ക് അത്തരം ഒരു അവസരം നഷ്ടപ്പെടതിന്റെ നൈരാശ്യമാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബി.ജെ.പിയും ഇതേ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരേ തൂവൽപക്ഷികൾ ഒരേ ശബ്ദത്തിൽ കൂവുന്നു. കോൺഗ്രസിനെ തോൽപിക്കലാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ആവശ്യം. തന്റെ നേരെ വന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളിൽനിന്ന് മോചിതനാകാൻ കോൺഗ്രസ് അധികാരത്തിൽ വരരുത് എന്ന തീവ്ര നിലപാട് പിണറായിക്കുണ്ട്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും ദുർബലപ്പെടുത്താൻ കിട്ടുന്ന എല്ലാ അവസരവും പിണറായി ഉപയോഗിക്കുന്നത്. അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിലുള്ള നൈരാശ്യമാണ് മുസ്‌ലിംലീഗ് പതാകയോട് ഇപ്പോൾ തോന്നിയ സ്‌നേഹം.