മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച പി.വി അൻവറിനെ നേരിടാൻ സി.പി.എം; അച്ചടക്ക നടപടി ഉണ്ടായേക്കും

  1. Home
  2. Trending

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച പി.വി അൻവറിനെ നേരിടാൻ സി.പി.എം; അച്ചടക്ക നടപടി ഉണ്ടായേക്കും

PV ANWAR


മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടർന്ന പി വി അൻവറിനെ നേരിടാൻ സിപിഎം. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിന്റെ ശ്രമം. 


ഇന്നലത്തെ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിനെ പൂർണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജൻ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എം വി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവറെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെയും സിപിഎം സൈബർ പോരാളികളുടെയും സ്വന്തം പിവി അൻവർ ആണിപ്പോൾ കുരിശുയുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. അൻവർ തീയായപ്പോൾ കൂടുതൽ പൊള്ളലേറ്റത് പിണറായിക്കും എം വി ഗോവിന്ദനും മുഹമ്മദ് റിയാസിനുമാണ്. ആഞ്ഞടി തുടങ്ങിയിട്ട് ആഴ്ചകളെറെയായെങ്കിലും ആരാണ് നിലമ്പൂർ എംഎൽഎയുടെ യഥാർത്ഥ ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല. ഒടുവിൽ പാർട്ടിയെ ഞെട്ടിച്ച അൻവ‌ർ പോർമുഖം തുറന്നത് സാക്ഷാൽ പിണറായിക്ക് നേരെയാണ്. എട്ട് വർഷത്തിനിടെ മുഖ്യമന്ത്രി നേരിടുന്ന അസാധാരണ വെല്ലുവിളിയാണ് പി വി അൻവർ തുടുത്തത്. സ്വതന്ത്ര എംഎൽഎ ആയതിനാൽ പാർട്ടി അച്ചടക്കത്തിൻ്റെ വാളോങ്ങാൻ പരിമതിയുണ്ട്. പക്ഷെ ഇനി ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പാർട്ടി ശത്രൂവായി അൻവർ സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് നേതാക്കൾ പറയുന്നു. താഴെതട്ടുമുതൽ അൻവറിനെതിരെ കടന്നാക്രമണം ഉറപ്പാണ്.