തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; പ്രധാനമന്ത്രിയുടെ കേരള സന്ദർശനം 11-ലേക്ക് മാറ്റി

  1. Home
  2. Trending

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; പ്രധാനമന്ത്രിയുടെ കേരള സന്ദർശനം 11-ലേക്ക് മാറ്റി

modi


കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടായേക്കുമെന്ന് സൂചന. തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും സംഘവും ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. മാർച്ച് 5, 6 തീയതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിൽ പര്യടനം നടത്തും. പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിലുണ്ടായ അനിശ്ചിതത്വം കാരണമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അല്പം നീളുന്നത്. ബംഗാളിൽ ഇത്തവണ തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ കുറയ്ക്കാനും കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനുമാണ് കമ്മിഷന്റെ നീക്കം.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന സന്ദർശനം 11-ലേക്കാണ് മാറ്റിയത്. എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പ്രകാശനം ചെയ്യും. കൂടാതെ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. റെയിൽവേയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ ഉദ്ഘാടനവും ഈ സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നാണ് വിവരം.

മാർച്ച് 14-ന് അസമിൽ പുതിയ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യേണ്ടതിനാലും കേരളത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ പൂർത്തിയാക്കേണ്ടതിനാലും മാർച്ച് 15-ന് ശേഷമേ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരൂ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉടൻ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികൾ ഊർജിതമാക്കിയിട്ടുണ്ട്.