നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇന്ന് തെളിയും; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കുന്നതോടെ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
സൂക്ഷ്മ പരിശോധനകൾക്ക് ശേഷം നിലവിൽ 985 സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. ആകെ ലഭിച്ച 1,254 അപേക്ഷകളിൽ നിന്ന് 1,757 പത്രികകൾ കമ്മീഷൻ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 357 പത്രികകൾ തള്ളുകയും 11 എണ്ണം സ്ഥാനാർത്ഥികൾ തന്നെ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ വിമതരും സ്വതന്ത്രരും പത്രിക പിൻവലിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ മണ്ഡലത്തിലെയും പോരാട്ടവീര്യം.
കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇത്തവണ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായേക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം ചിത്രം വ്യക്തമാകുന്നതോടെ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്ന നടപടികളിലേക്ക് വരണാധികാരികൾ കടക്കും.
