ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; അമിത് ഷായുടെ അസമിലെ ആദ്യ റാലി റദ്ദാക്കി

  1. Home
  2. Trending

ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; അമിത് ഷായുടെ അസമിലെ ആദ്യ റാലി റദ്ദാക്കി

Amit sha


സാങ്കേതിക കാരണങ്ങളാൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാത്തതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസമിലെ ആദ്യ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഗുവാഹത്തിയിൽ നിന്നും സമ്മേളന നഗരിയായ ഗോലക്ഗഞ്ചിലേക്ക് പുറപ്പെട്ടെങ്കിലും ലാൻഡിംഗ് സാധ്യമാകാത്തതിനെത്തുടർന്ന് യാത്ര ഉപേക്ഷിക്കുകയായിരുന്നു.

അസമിലെ ഗോലക്ഗഞ്ചിൽ നിശ്ചയിച്ചിരുന്ന സംസ്ഥാനത്തെ ആദ്യത്തെ വലിയ പ്രചാരണ പരിപാടിയാണ് ഇതോടെ മുടങ്ങിയത്. വ്യാഴാഴ്ച മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ അസമിലെത്തിയത്. ഗോലക്ഗഞ്ചിലെ പരിപാടിക്ക് ശേഷം ഗോൾപാറ ജില്ലയിലെ ദുധ്‌നോയിയിൽ മറ്റൊരു റാലിയും നിശ്ചയിച്ചിരുന്നു. കൂടാതെ വെള്ളിയാഴ്ച കാംരൂപ് ജില്ലയിലെ പലാഷ്ബാരി മണ്ഡലത്തിലുൾപ്പെടെ മൂന്ന് പ്രധാന യോഗങ്ങളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

അസം നിയമസഭയിലെ 126 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 9-നാണ് നടക്കുന്നത്. കനത്ത പോരാട്ടം നടക്കുന്ന അസമിൽ കേന്ദ്ര നേതാക്കളുടെ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക.