കോൺഗ്രസിന്‍റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്‍റെ ശ്രമം ; കോൺഗ്രസിന് പ്ലാൻ ബിയുണ്ടെന്ന് അജയ് മാക്കൻ

  1. Home
  2. Trending

കോൺഗ്രസിന്‍റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്‍റെ ശ്രമം ; കോൺഗ്രസിന് പ്ലാൻ ബിയുണ്ടെന്ന് അജയ് മാക്കൻ

ajay makkan


കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തില്‍ ആദായനികുതി വകുപ്പിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി കോൺഗ്രസ്. ബിജെപിയുടെ കണക്കുകളിലും നിയമലംഘനമുണ്ടെന്ന് വിവരങ്ങള്‍ നിരത്തി കോൺഗ്രസ് ട്രഷറര്‍ അജയ് മാക്കൻ പറഞ്ഞു. 

കോൺഗ്രസിന്‍റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്‍റെ ശ്രമമെന്നും എന്നാല്‍ പ്രചാരണ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് പ്ലാൻ ബിയുണ്ടെന്നും അജയ് മാക്കൻ വ്യക്തമാക്കി. രാഷ്ട്രീയ പോരാട്ടം ശക്തമാക്കുമെന്നം സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു. 

കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്‍ പ്രശ്നമുണ്ട്, നിയമലംഘനം വ്യക്തമാണ്, 2017ൽ കിട്ടിയ 42 കോടിയുടെ സംഭാവനയുടെ  വിവരങ്ങൾ ബിജെപി ലഭ്യമാക്കിയിട്ടില്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ ബിജെപിക്ക് കിട്ടിയ സംഭാവനയുടെപൂർണവിവരങ്ങൾ ഇല്ല, സംഭാവന നൽകിയ 92 പേരുടെ വിവരങ്ങൾ ഇല്ല,  എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല, ബിജെപിയുടെ നിയമ ലംഘനം പകൽ പോലെ വ്യക്തമാണ്, കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബിജെപി 4,600 കോടി രൂപ പിഴ നൽകണം, ബിജെപിയുടെ പിഴ ഈടാക്കാൻ കോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു.

സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകൾ ഉന്നയിച്ച് ആദായനികുതി വകുപ്പ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണെന്നും നോട്ടീസ് നല്‍കി മനോവീര്യം തകര്‍ക്കാൻ നോക്കിയാലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരും, ഭയപ്പെടുത്താൻ നോക്കുന്നവർ ഭയപ്പെടേണ്ടി വരുമെന്നും  കോൺഗ്രസ് അറിയിച്ചു.

ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവധി കഴിഞ്ഞാൽ ഉടൻ ഹർജി നൽകും.