ദ കേരള സ്റ്റോറിക്ക് ബംഗാളിൽ വിലക്ക്; സിപിഎമ്മിനും കേരള സർക്കാരിനുമെതിരെ വിമർശനവുമായി മമത

വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറിക്ക് ബംഗാളിൽ വിലക്ക്. ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഇതോടൊപ്പം ബിജെപിയെ വിമർശിക്കേണ്ട സിപിഎമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണെന്ന് മമത സിപിഎമ്മിനെയും കേരള സർക്കാരിനെയും വിമർശിച്ചു. കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലും ദ കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്കൊപ്പം മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ കൂടി പ്രദര്ശിപ്പിക്കില്ലെന്ന് തീരുമാനിച്ചതോടെയാണ് തമിഴ്‌നാട്ടിൽ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം ഇല്ലാതായത്. ഇത് സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ വ്യക്തമാക്കി.