ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി
സംവാദത്തിന് ക്ഷണിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ലെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നിരത്തുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. നേരത്തെ പരസ്യ സംവാദത്തിന് തയാറാണെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.
പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിൻ്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു."
