സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലിച്ച പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നു; ഇ പി ജയരാജൻ

  1. Home
  2. Trending

സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലിച്ച പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നു; ഇ പി ജയരാജൻ

ep


സിപിഐഎമ്മിനെ തക‍ർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നൽകി പോസ്റ്റ് മോഡേൺ എന്ന പേരിൽ സിപിഐഎമ്മിനെ തകർക്കാൻ ഇന്ത്യയിലേയ്ക്ക് ആളെ അയക്കുന്നതായാണ് ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചത്. സിപിഐഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം കണ്ണപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

രാജ്യത്തിൻ്റെ പലഭാഗത്തായി പോസ്റ്റ് മോഡേണിസ്റ്റുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഇതിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് വലതുപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ച് വിട്ട് സിപിഐഎമ്മിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നതായും ഇ പി ജയരാജൻ ആരോപിച്ചു. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയാൻ സഖാക്കൾക്ക് കഴിയാതെ പോകുന്നുവെന്നും ഇതേ നിലയിലുള്ള ആക്രമണത്തിലൂടെയാണ് ലോകത്ത് പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തതെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു.

പണം ആസൂത്രിതമായി മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ വിമർശനങ്ങളാകാം. പക്ഷേ തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന നിലയിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാൽ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ എന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു.