ആധാർ കാർഡ് എടുക്കാൻ ഇനി നടപടിക്രമങ്ങൾ ഏറെ; ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിക്കും, വ്യാജ ആധാർ തടയുക ലക്ഷ്യം
പതിനെട്ട് വയസ് പൂർത്തിയായവർക്ക് ആധാർ കാർഡ് ലഭിക്കുന്നതിന് ഇനി നടപടിക്രമങ്ങൾ ഏറെ. വ്യാജ ആധാർ കാർഡിന് തടയിടാനാണ് പുതിയ നടപടികൾ. ഇനി മുതൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക.
തദ്ദേശ സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാരുമാണ് പരിശോധന നടത്തുന്നത്. 18 വയസ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വെരിഫിക്കേഷനായി സബ്കലക്ടർമാർക്ക് തിരികെയെത്തും. സബ് കലക്ടർമാരാണ് വില്ലേജ് ഓഫിസർമാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീൽഡ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് തിരികെ സമർപ്പിക്കുക.
അപേക്ഷിച്ച് കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കിൽ രേഖകൾ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നൽകാം.