പിതാവ് ദത്തെടുത്ത പെൺകുട്ടിയെ മകൻ വിവാഹം ചെയ്തു; ‘അവിഹിത’ത്തെ ചൊല്ലി കൊലപാതകം

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റൽ ലൊഹാനിയുടെ മൃതദേഹം ഏറ്റെടുക്കാൻ നേപ്പാളിൽനിന്ന് വളർത്തച്ഛനെത്തി. ചണ്ഡിഗഡിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളർത്തച്ഛൻ ജയ്റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയിൽ എത്തി ഏറ്റുവാങ്ങിയത്.
ജയ്റാമിന്റെ യഥാർഥ മകനും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാർക്കിലെ ഒരു ഹോട്ടൽ മുറിയിൽ ക്രിസ്റ്റലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
പോസ്റ്റ്മോർട്ടത്തിനു ശേഷം ചണ്ഡിഗഡിലെ ആശുപത്രിയിൽ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം വളർച്ചച്ഛനെത്തി ഏറ്റെടുത്തത്. പൊലീസ് നിരന്തരം വാട്സാപ്പിലൂടെയും ഫോൺകോളിലൂടെയും ബന്ധപ്പെട്ടതിനു ശേഷമാണ് ജയ്റാം ആശുപത്രിയിൽ എത്തുന്നത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭർത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിർത്തിയിലെ സിരി മന്തയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക കഥ ചുരുളഴിയുന്നത്.