സംസ്ഥാനം പരീക്ഷാചൂടിലേക്ക്; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

  1. Home
  2. Trending

സംസ്ഥാനം പരീക്ഷാചൂടിലേക്ക്; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

sslc


കേരളത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. സംസ്ഥാനത്തെയും ലക്ഷദ്വീപിലെയും വിവിധ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി വിഭാഗത്തിൽ ഒന്നാം ഭാഷാ പരീക്ഷയും ഹയർ സെക്കൻഡറി ഒന്നാം വർഷക്കാർക്ക് ഇംഗ്ലീഷ് പരീക്ഷയുമാണ് ഇന്ന് നടക്കുന്നത്. രാവിലെ 9:30-ന് പരീക്ഷകൾ ആരംഭിച്ചു. എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,18,516 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4,37,854 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതും. പ്ലസ് ടു പരീക്ഷകൾ നാളെയാണ് ആരംഭിക്കുന്നത്. 4,79,263 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി ഇൻവിജിലേറ്റർമാരായി ആയിരക്കണക്കിന് അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ളത്.

എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 7-ന് ആരംഭിച്ച് 28-ന് പൂർത്തിയാക്കും. മെയ് എട്ടിന് ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്ലസ് ടു ഫലം മെയ് 22-ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം വന്നാലുടൻ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. സമയബന്ധിതമായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി അധ്യയന വർഷം കൃത്യമായി ആരംഭിക്കാനാണ് പിണറായി വിജയൻ സർക്കാരിന്റെ ലക്ഷ്യം.