വിദ്യാർഥികളെ... പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതൽ അപേക്ഷ നൽകാം

പ്ലസ് വൺ മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രാവിലെ 10 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കില്ല.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.