മുനമ്പം വിഷയം; നിർണായക ചർച്ച വിജയിച്ചു, ലീഗ് - ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണ

  1. Home
  2. Trending

മുനമ്പം വിഷയം; നിർണായക ചർച്ച വിജയിച്ചു, ലീഗ് - ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണ

waquf


മുനമ്പം വിഷയത്തിൽ സുപ്രധാന രാഷ്ടീയ നീക്കവുമായി മുസ്ലീം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറൽ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ  കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു.  ലീഗ് - ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നി‍‍ർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയിൽ തീരുമാനമായി. 

സൗഹാര്‍ദപരമായ ചര്‍ച്ചായായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും ചര്‍ച്ചയ്ക്കുശേഷം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്നമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.