ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവില്ല; തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ, കാനഡയും മെക്സിക്കോയും 25 ശതമാനം തീരുവ നൽകണം: ഡോണൾഡ് ട്രംപ്

ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവുണ്ടികില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് 25 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഒരു മാസത്തേക്ക് തീരുവ നടപടികൾ ട്രംപ് മരവിപ്പിച്ചിരുന്നു. മരവിപ്പിക്കൽ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇളവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക തീരുവയും ഇന്ന് മുതൽ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.