മിഷന്‍ ബേലൂര്‍ മഖ്ന: സ്കൂളുകള്‍ക്ക് അവധി; കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തില്‍
മണ്ണുണ്ടി മേഖലയില്‍ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. ഇടവേളകളില്‍ ആനയുടെ സിഗ്നല്‍ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്.
സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ തമ്ബടിച്ചിട്ടുള്ള ആന, കുകികളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ്.
നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാല്‍, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.
ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാല്‍, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ഇന്നും ജില്ലാ കളക്ടർ അവധി നല്‍കി.
മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. കർഷക കൂട്ടായ്മയായ ഫാർമേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലയില്‍ മനസ്സാക്ഷി ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം.